'എര്‍ത്ത്സ് ബ്ലാക്ക് ബോക്സ്'; ഭൂമിയുടെ കണക്കുപുസ്തകം
ഭൂമിയുടെ ആരോഗ്യം തിരിച്ചറിയാനും രേഖപ്പെടുത്താനുമായാണ് ഇത്തരത്തില്‍ ഒരു ബ്ലാക്ക് ബോക്സ് സ്ഥാപിക്കുന്നത്.
ഭൂമിയുടെ ആരോഗ്യം തിരിച്ചറിയാനും രേഖപ്പെടുത്താനുമായി ഒരു ബ്ലാക്ക് ബോക്സ് വരുന്നു. വരും കാലത്തെ മനുഷ്യന് ഭൂമി പണ്ട് എങ്ങനെയായിരുന്നു എന്നു തിരിച്ചറിയാന്‍ സഹായകമാകുന്നതാണ് ഈ ബ്ലാക്ക് ബോക്സ്
ഭൂമിയെ കാലാവസ്ഥാ മാറ്റമെന്ന നീരാളിയുടെ പിടിയില്‍ നിന്നും രക്ഷിക്കാനുള്ള വഴികള്‍ തേടിത്തുടങ്ങിയിരിക്കുകയാണ് മനുഷ്യന്. ലോകം മുഴുവന്‍ അതിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന ചര്‍ച്ചകളിലുമാണ്. എന്നാല്‍ ഈ നടക്കുന്ന സംവാദങ്ങളും മറ്റും ഭാവിക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ എന്നു ചോദിച്ചാല്‍? അത് കാത്തിരുന്നു കാണണം എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ കാലാവസ്ഥയെ മാറ്റിമറിക്കുന്ന തീരുമാനങ്ങളും പ്രവൃത്തികളുമെല്ലാം ഇനിമുതല്‍ രേഖപ്പെടുത്താന്‍ പോവുകയാണ്. ഭൂമിയുടെ കണക്കുപുസ്തകം എന്ന് അതിനെ വിശേഷിപ്പിക്കാം. അതായത്, കാലാവസ്ഥ സംബന്ധിച്ച ഒരു ഏകീകൃത ഡാറ്റ റെക്കോര്‍ഡര്‍. കാലാവസ്ഥാ മാറ്റം എന്ന പ്രശ്നത്തെ നമ്മള് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അറിയാനുള്ള ഡിജിറ്റല്‍ രേഖ.
വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനെക്കുറിച്ചു മിക്കവരും കേട്ടിട്ടുണ്ടാകും. ഏത് അപകടത്തെയും തരണം ചെയ്യാന്‍ കഴിവുള്ള വിമാനത്തിന്റെ അകത്തെ വിവരണങ്ങള്‍ സൂക്ഷിക്കുന്നതാണ് ബ്ലാക്ക് ബോക്സ് അഥവാ ഡാറ്റാ റെക്കോര്‍ഡര്‍. ഇതേ മാതൃകയില്‍ നമ്മുടെ ഭൂമിക്ക് തന്നെ ഒരു ബ്ലാക്ക് ബോക്സ് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയയിലെ ടാസ്മാനിയ എന്ന ദ്വീപ് സംസ്ഥാനത്തെ ഒരു വിജന പ്രദേശത്ത് 2022ല്‍ ഭൂമിയുടെ ബ്ലാക്ക് ബോക്സ് സ്ഥാപിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇന്നു നമ്മുടെ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരണം ഇനി മുതല്‍ ഈ ഡാറ്റാ റെക്കോര്‍ഡറില്‍ സൂക്ഷിക്കും. ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞരാണ് ഈ ബ്ലാക്ക് ബോക്സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഭൂമിയുടെ കണക്കുപുസ്തകം
ഭൂമിയുടെ ആരോഗ്യം തിരിച്ചറിയാനും രേഖപ്പെടുത്താനുമായാണ് ഇത്തരത്തില്‍ ഒരു ബ്ലാക്ക് ബോക്സ് സ്ഥാപിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസൃതമായി നമ്മുടെ ഭൂമിക്ക് വരുന്ന മാറ്റങ്ങളെല്ലാം തിരിച്ചറിയാനും അവയെക്കുറിച്ച് വരുന്ന പഠനങ്ങളും ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമെല്ലാം സൂക്ഷിക്കാനുമാണ് ഇത് ഉപയോഗപ്പെടുത്തുക. ചുരുക്കി പറഞ്ഞാല്‍ വരും കാലത്ത് മനുഷ്യര്‍ക്ക് ഭൂമി പണ്ട് എങ്ങനെയായിരുന്നു എന്നു തിരിച്ചറിയാന്‍ സഹായകമാകുന്നതാണ് ഈ ബ്ലാക്ക് ബോക്സ്. അപ്പോള്‍ അത്രയധികം കാലം ഇത് നിലനില്‍ക്കുമോ എന്നു സംശയിച്ചേക്കാം. പക്ഷേ കാലത്തെയും മനുഷ്യനെയുമെല്ലാം അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ കാലാവസഥാ മാറ്റങ്ങളും രേഖപ്പെടുത്തി സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്നതായിരിക്കും ഇതെന്നാണ് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
ഒരു ബസിന്റെ വലിപ്പമുള്ള കട്ടിയേറിയ വലിയ സ്റ്റീല്‍ ബോക്സിന്റെ രൂപത്തിലാണ് ഇത് നിര്‍മിക്കുന്നത്. ഗ്രാനൈറ്റ് പ്രതലത്തില്‍ വയ്ക്കുന്ന ഇതില്‍ ബാറ്ററി സ്റ്റോറേജിനും സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. കാലാവസ്ഥ എത്ര മോശമായാലും തകര്‍ക്കാന്‍ കഴിയാത്ത തരത്തിലാണ് അതിന്റെ നിര്‍മാണം. ഭാവി കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ഇത് നിര്‍മിക്കുന്നതെന്ന് പറയാം. വര്‍ഷമെത്ര കഴിഞ്ഞാലും നശിക്കാത്ത തരത്തില്‍ എല്ലാ കാലത്തുമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. നിലവിലെ മനുഷ്യന് മണ്ണടിഞ്ഞാലും ഭാവി നാഗരികതകളില്‍ ജീവിക്കുന്നവര്‍ക്ക് മനുഷ്യന് എങ്ങനെയാണ് കാലാവസ്ഥാ മാറ്റങ്ങള്‍ സൃഷ്ടിച്ചതെന്നും നമ്മള് എങ്ങനെ അത് മറികടക്കുന്നതില്‍ വിജയിച്ചു അല്ലെങ്കില്‍ പരാജയപ്പെട്ടു എന്നെല്ലാം മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും.
കാലാവസ്ഥാ മാറ്റമെന്ന വലിയ വിപത്തിനെതിരെ നമ്മള് വയ്ക്കുന്ന ഓരോ ചുവടും ഭൂമിയുടെ ഈ ബ്ലാക്ക് ബോക്സില്‍ രേഖപ്പെടുത്തുമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടാസ്മാനിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു
ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു സ്വതന്ത്ര കണക്കുപുസ്തകമായിരിക്കും ബ്ലാക്ക് ബോക്സ് എന്ന് ഈ പ്രൊജക്റ്റില്‍ ഉള്‍പ്പെടുന്ന ഗ്ലൂ സൊസൈറ്റിയുടെ ഡയറക്ടറായ ജൊനാഥന് നീബോണ്‍ പറയുന്നു. കുറേക്കൂടി വിശാല മനസ്ഥിതിയോടെ നേതാക്കള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കാനും ഇത് ഉപകാരപ്പെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാക്ക് ബോക്സിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും സ്കോട്ലന്റിലെ ഗ്ലാസ്ഗോവില്‍ നവംബറില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയോടെ ഈ ബ്ലാക്ക് ബോക്സിലേക്കുള്ള റെക്കോര്‍ഡിങ്ങുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനായുള്ള റെക്കോര്‍ഡിങ് അല്‍ഗോരിതം ഹാര്‍ഡ് ഡ്രൈവുകളില്‍ റെക്കോര്‍ഡ് ചെയ്തു തുടങ്ങികഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ പൂര്‍ണതോതില്‍ ഇത് പ്രവര്‍ത്തന സജ്ജമാകും.
കാലാവസ്ഥാ മാറ്റമെന്ന വലിയ വിപത്തിനെതിരെ നമ്മള് വയ്ക്കുന്ന ഓരോ ചുവടും ഭൂമിയുടെ ഈ ബ്ലാക്ക് ബോക്സില്‍ രേഖപ്പെടുത്തുമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടാസ്മാനിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇതിനായി മൂറു കണക്കിന് ഡാറ്റാ സെറ്റുകള്‍ കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിച്ച് തിട്ടപ്പെടുത്തി ഭാവിയിലേക്കായി സൂക്ഷിച്ച് വയ്ക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചര്‍ച്ചകളും തീരുമാനങ്ങളും മാത്രമല്ല ഇതില്‍ രേഖപ്പെടുത്തുക. കരയിലെയും കടലിലെയും താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍, മുന്പുണ്ടായതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതും ഉള്‍പ്പെടെ, സമുദ്രത്തിലെ അമ്ലീകരണം, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ്, മനുഷ്യ ജനസംഖ്യ, ഊര്‍ജ ഉപയോഗം, നയരൂപീകരണങ്ങളും മാറ്റങ്ങളും എന്നു തുടങ്ങി എല്ലാം ഈ ബ്ലാക്ക് ബോക്സില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.
ഇതിനകത്തുള്ള സ്റ്റോറേജ് ഡ്രൈവുകളില്‍ ഇന്റര്‍നെറ്റില്‍ നിന്നും ഇതു സംബന്ധിച്ചുള്ള ശാസ്ത്രീയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. വരുന്ന അഞ്ച് ദശകങ്ങളിലേക്കുള്ള ഡാറ്റ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം നടത്തുന്നത്. ഇതിലും കൂടുതല്‍ കാലം ഡാറ്റ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ബ്ലാക്ക് ബോക്സിന്റെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ ആകുമോ എന്ന ഗവേഷണം നടത്തിവരുകയാണ്. ബ്ലാക്ക് ബോക്സ് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ കാലാവസ്ഥയെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരണങ്ങള്‍ നല്‍കാനാണ് പദ്ധതിയിടുന്നത്.
മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍!
ഐക്യരാഷ്ട്രസഭ നിയോഗിച്ച ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(IPCC) സംഘം നല്കിയ മുന്നറിയിപ്പ് അവഗണിക്കുന്നത് ഭൂമിക്ക് മാത്രമല്ല, മനുഷ്യരാശിക്ക് മുഴുവന്‍ ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. ആഗോള താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വരുന്ന രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടി താപനില ഉയര്‍ന്നാല്‍ പ്രവചനാതീതമായ അതിഭീകര പ്രകൃതി ക്ഷോഭങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ബ്ലാക്ക് ബോക്സ് പോലുള്ള സംവിധാനങ്ങള്‍ മനുഷ്യനെ തന്നെ ഓര്‍മപ്പെടുത്താനുള്ള ചില സൂചകങ്ങളാണ്. വികസനം മാത്രം മുന്നില്‍ കണ്ട് വ്യാവസായിക വിപ്ലവം ലോകത്ത് ഉടലെടുത്തതിന്റെ അനന്തര ഫലമാണ് ഇന്ന് നമ്മള് കണ്ടു വരുന്ന കാലാവസ്ഥാ മാറ്റത്തിന്റെ മൂലകാരണമെന്ന് പറയുകയാണ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.ടി വി സജീവ്.
വികസന മാതൃക മാറണം
വികസന മാതൃക മാറേണ്ടതിന്റെ ആവശ്യകതയും കാലാവസ്ഥയ്ക്ക് അനുസൃതമായി മനുഷ്യന്റെ ജീവിതം മാറ്റേണ്ടതിനെക്കുറിച്ചും ഡോ. സജീവ് സയന്‍സ് ഇന്‍ഡിക്കയോട് വിശദീകരിച്ചു. 'വിറക് ഉപയോഗിച്ചിരുന്ന മനുഷ്യന് വ്യാവസായിക ആവശ്യങ്ങള്‍ക്കായി കല്‍ക്കരി ഉപഭോഗം കൂട്ടി. പിന്നീട് പെട്രോളിയം ഉത്പന്നങ്ങളിലേക്കും ചുവടുവച്ചു. അങ്ങനെ ഫോസില്‍ ഇന്ധനം ഇല്ലാതെ ജീവിതം സാധ്യമല്ലെന്ന അവസ്ഥയിലായി. ഇതെല്ലാം പതിയെ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളി ഹരിതഗൃഹ വാതകങ്ങളുടെ ആവരണത്തിന്റെ കട്ടി കൂടി. അതോടെ ചൂട് ഭൂമിയില്‍ പിടിച്ചു നിര്‍ത്തുവാന്‍ തുടങ്ങി. അങ്ങനെ അന്തരീക്ഷ താപനിലയും കൂടി. നമ്മള് നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. കാര്‍ബണ്‍ പീക്കിങ് എന്ന അവസ്ഥയുണ്ട്. ഒരു രാജ്യം ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉപഭോഗം നടത്തുന്ന അവസ്ഥ.
വികസനവും കാര്‍ബണ്‍ പുറന്തള്ളലും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അങ്ങനെ കാര്‍ബണ്‍ ഉപഭോഗം ഇല്ലാതെ വളര്‍ച്ച സാധ്യമാകും എന്നു തെളിയിച്ച നോര്‍വേ, സ്വീഡന് പോലുള്ള രാജ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്
ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉപയോഗം നടത്തുന്ന രാജ്യങ്ങള്‍ക്കാണ് ഏറ്റവും വ്യാവസായിക വളര്‍ച്ചയുള്ളതും വികസനം ഉണ്ടാകുന്നതും എന്നായിരുന്നു കാഴ്ചപ്പാട്. എന്നാല്‍ വികസനവും കാര്‍ബണ്‍ പുറന്തള്ളലും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അങ്ങനെ കാര്‍ബണ്‍ ഉപഭോഗം ഇല്ലാതെ വളര്‍ച്ച സാധ്യമാകും എന്നു തെളിയിച്ച നോര്‍വേ, സ്വീഡന് പോലുള്ള രാജ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. യഥാര്‍ഥത്തില്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ മുന്നേറ്റമുണ്ടാക്കുന്നതിനെയാണ് വികസനം എന്നു വിളിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ നാം വികസനത്തിനായി കാര്‍ബണ്‍ പുറന്തള്ളാതെ മറ്റ് പ്രകൃതി വിഭവങ്ങളില്‍ നിന്നും നമുക്ക് ആവശ്യമുള്ളത് സ്വീകരിക്കാന്‍ തയാറാകണം. അങ്ങനെ പതിയെ ഭൂമിയെ രക്ഷിക്കാന്‍ നമുക്കാകും.
'നമ്മുടെ കാര്‍ബണ്‍ പാദമുദ്രയാണ് നാം എത്ര കാര്‍ബണ്‍ ഉപയോഗിക്കുന്നു എന്നു തീരുമാനിക്കുന്നത്. ഗോത്രവിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഇത് നന്നേ കുറവാണ്. എന്നാല്‍ വികസിത രാജ്യങ്ങളിലും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്കും ഇത് വളരെയധികമാണ്. പക്ഷേ നമ്മുടെയെല്ലാം ധാരണ സന്തോഷവും വികസനവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ല. ആദിമമനുഷ്യര്‍ ഇത്ര വികസനം ഇല്ലാതിരുന്ന കാലത്ത് സന്തോഷവാന്മാരായിരുന്നില്ലേ? വികസനം എന്നത് നമ്മള് മനുഷ്യരുടെ മാത്രം നേട്ടത്തിനും സന്തോഷത്തിനും വേണ്ടിയാകരുത് എന്നര്‍ഥം. ഭൂമിയെ പരിപാലിക്കേണ്ടതും ഓരോ മുഷ്യന്റെയും കടമയാണ്. വികസനത്തിനായി നാം സ്വീകരിച്ചുവരുന്ന മാതൃകകള്‍ മാറണം. ഭൂമിക്ക് ദോഷം വരുന്ന മാതൃകകള്‍ ഉപേക്ഷിക്കാന്‍ നാം തയാറാകണം,'' ഡോ. സജീവ് പറയുന്നു.
കാലാവസ്ഥാ മാറ്റം നമ്മെ വിഴുങ്ങുന്നതിനു മുന്‍പെങ്കിലും അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നാം സജ്ജരാകണമെന്നാണ് പരിസ്ഥിതി വാദികളുടെ ആവശ്യം. കാലാവസ്ഥ എങ്ങനെയാകണമെന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്. അതിന്റെ പര്യവസാനം നമ്മുടെ കൈകളിലും. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്. നമ്മള് ഇപ്പോള്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമെല്ലാം രേഖപ്പെടുത്താന്‍ പോവുകയാണ്. നാളെ നമ്മെ തേടിയെത്തുന്ന മഹാവിപത്തുകള്‍ക്ക് ഓരോരുത്തരും കണക്കു പറയേണ്ടതായി വരും. അതുകൊണ്ടുതന്നെ നാളെ ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് ഉറപ്പ്.