Jan 27 • 15M

ബാറ്ററികളില്ലാതെ പിന്നെന്തു ജീവിതം-ഭാഗം 2

ടോര്‍ച്ചിലൊന്ന്, ഫോണിലൊന്ന്, കാറില്‍ വേറൊന്ന്, ബാറ്ററികള്‍ പല രൂപത്തിലും ഭാവത്തിലുമുണ്ട്

4
 
1.0×
0:00
-15:03
Open in playerListen on);
Episode details
Comments

ടോര്‍ച്ചിലൊന്ന്, ഫോണിലൊന്ന്, കാറില്‍ വേറൊന്ന്, ബാറ്ററികള്‍ പല രൂപത്തിലും ഭാവത്തിലുമുണ്ട്. ഇതുവരെ നമ്മള്‍ ഉപയോഗപ്പെടുത്തിയ ബാറ്ററികള്‍ ഏതെല്ലാമാണെന്ന് പഠിക്കാന്‍ തുനിഞ്ഞറിങ്ങിയിരിക്കയാണ് ഉണ്ണിക്കുട്ടന്‍...

മുത്തച്ഛന്റെ സന്തതസഹചാരിയായ ടോര്‍ച്ചിലും അച്ഛനോടിക്കുന്ന സ്‌കൂട്ടറിലും അടുക്കളയില്‍ അമ്മയുടെ ബോറടി മാറ്റുന്ന റേഡിയോയിലും ചേച്ചിയുടെ കയ്യില്‍ നിന്ന് താഴെയിറങ്ങാത്ത ടിവി റിമോട്ടിലും തന്റെ കളിപ്പാട്ടങ്ങളിലുമടക്കം വീട്ടിലെ ഒട്ടുമിക്ക ഉപകരണങ്ങളിലും ജീവനായ് സ്പന്ദിക്കുന്ന ബാറ്ററിയുടെ ശക്തി തിരിച്ചറിഞ്ഞ ഉണ്ണിക്കുട്ടന് ഒരു കാര്യം തീര്‍ച്ചയായി. നിത്യജീവിതത്തില്‍ ബാറ്ററികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പക്ഷേ കാറ്, സ്‌കൂട്ടര്‍, മൊബീല്‍ഫോണ്‍, ലാപ്ടോപ്പ്, ടൈംപീസ്, തെര്‍മോമീറ്റര്‍ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമല്ല, വലിയ തോതില്‍ വൈദ്യുതി സംഭരിക്കുന്ന സംവിധാനങ്ങളിലും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം സംഭരിക്കുന്നതിനുമടക്കം എല്ലാ മേഖലകളിലും ബാറ്ററികള്‍ അത്യന്താപേക്ഷിതമാണെന്ന് ഉണ്ണിക്ക് പറഞ്ഞുകൊടുത്തത് അടുത്ത വീട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അരുണാണ്.

മറ്റൊരു കാര്യം കൂടി അരുണ്‍ ഉണ്ണിക്ക് പറഞ്ഞുകൊടുത്തു. ബാറ്ററികള്‍ക്ക് പല ഉപയോഗങ്ങള്‍ ഉള്ളത് പോലെ പലതരത്തിലുള്ള ബാറ്ററികളും നിലവിലുണ്ട്. അതായത് അലക്സാണ്‍ഡ്രോ വോള്‍ട്ട ആദ്യമായി ബാറ്ററി കണ്ടുപിടിച്ചതിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട വിവിധതരം ബാറ്ററികള്‍ ലോകത്ത് നിലവില്‍ വന്നു. ക്ഷമത കൂടിയ, മെച്ചപ്പെട്ട ബാറ്ററികള്‍ക്കൊപ്പം ജനജീവിതവും മെച്ചപ്പെട്ടു. പലതരത്തിലുള്ള ബാറ്ററികളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി അരുണ്‍ ഒരു പുസ്തകം ഉണ്ണിക്കുട്ടന് വായിക്കാന്‍ കൊടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ ആ ബാറ്ററികളുടെ ലോകത്തായിരുന്നു ഉണ്ണി.

പലതരം ബാറ്ററികള്‍

ഇത്രയും കാലം ഉണ്ണി കണ്ടിരുന്ന ബാറ്ററികളെല്ലാം ടോര്‍ച്ചിലും ക്ലോക്കിലുമൊക്കെ ഇടുന്ന ചെറുവിരലിന്റെ നീളവും വണ്ണവുമുള്ള ബാറ്ററികളായിരുന്നു. പക്ഷേ നമ്മുടെ കാറിലും സ്‌കൂട്ടറിലുമൊക്കെയുള്ള ബാറ്ററി അങ്ങനെയല്ലെന്ന് ഉണ്ണി മനസിലാക്കിയത് അരുണ്‍ കൊടുത്ത പുസ്തകത്തില്‍ നിന്നുമാണ്.

ലെഡ് ആസിഡ് ബാറ്ററി

എങ്ങനെയാണ് നമ്മള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. ആ പുസ്തകത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു. കാറോടുന്നതിന് ഇന്ധനം ആവശ്യമാണെന്ന് ഉണ്ണിക്കറിയാം. പക്ഷേ കാര്‍ സ്റ്റാര്‍ട്ട് ആകുന്നത് ബാറ്ററി ഉള്ളത് കൊണ്ടാണത്രേ. ആ ബാറ്ററി ആണെങ്കില്‍ കളിപ്പാട്ടങ്ങളില്‍ ഇടുന്നത് പോലെ ചെറുതല്ല, ഒരു ചെറിയ പെട്ടി പോലെയാണ് കാണാന്‍. താക്കോലിട്ട് തിരിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാറിലെ ഈ ബാറ്ററിയിലേക്ക് ഒരു സന്ദേശം പോകുന്നു. ഈ സന്ദേശം ലഭിക്കുമ്പോള്‍ ബാറ്ററി തന്റെ സ്ഥിരം ജോലിയായ രാസോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നതിലേക്ക് തിരിയും. ഈ ഊര്‍ജ്ജമാണ് കാറിന്റെ എഞ്ചിനെ വിളിച്ചുണര്‍ത്തി ഓടിക്കോളാന്‍ പറയുന്നത്. ഇതിന് പുറമേ കാറിലെ ലൈറ്റുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്നതിന് ബാറ്ററിയുടെ പവര്‍ ആവശ്യമാണ്.


വാക്ക്മാനിലും തൊണ്ണൂറുകളിലെ കളിപ്പാട്ടങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സിഡി പ്ലെയറുകളിലുമെല്ലാം ഉപയോഗിച്ചിരുന്നത് ആല്‍ക്കലൈന്‍ ബാറ്ററികളാണ്


ഇന്നിപ്പോ താക്കോലിട്ട് തിരിച്ചാല്‍ വ്രൂം..വണ്ടി സ്റ്റാര്‍ട്ടാകും. പക്ഷേ പണ്ട് അതായിരുന്നില്ല സ്ഥിതി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വിന്റേജ് കാറുകള്‍ ഇപ്പോഴുള്ളവയെ അപേക്ഷിച്ച് തീര്‍ത്തും പഴഞ്ചനായിരുന്നുവെന്ന് മാത്രമല്ല യന്ത്ര സവിശേഷതകള്‍ തീരെ കുറവും ആയിരുന്നു. അക്കാലത്ത് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കൈ കൊണ്ട് തിരിക്കാവുന്ന ഹാന്‍ഡ് ക്രാങ്കുകള്‍ എല്ലാ വാഹനങ്ങളിലും ഉണ്ടായിരുന്നു. വണ്ടിയുടെ മുമ്പിലുള്ള ഈ ക്രാങ്ക് ഷാഫ്റ്റില്‍ ഹാന്‍ഡില്‍ ഇട്ട് ശക്തിയില്‍ കറക്കിയാണ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. എന്തായാലും ആ ദുരിതം അവസാനിച്ചത് 1859കളില്‍ ഗാസ്റ്റണ്‍ പ്ലാന്റ് ലെഡ് ആസിഡ് ബാറ്ററികള്‍ കണ്ടെത്തിയതോടെയാണ്. കാറിന്റെ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ബാറ്ററി സ്റ്റാര്‍ട്ട് ആകുന്നതിനുള്ള ഊര്‍ജ്ജം എഞ്ചിന് നല്‍കുന്നു. പേര് പോലെ ലെഡ് ആണ് ഈ ബാറ്ററിയിലെ മുഖ്യ ഘടകം. രണ്ട് ഇലക്ട്രോഡുകളിലും ലെഡ് ഉണ്ടായിരിക്കും. ആനോഡ് ലെഡിന്റെ ലോഹവും കാതോഡ് ലെഡ് ഡയോക്സൈഡും ആയിരിക്കും. സള്‍ഫ്യൂരിക് ആസിഡിന്റെ ഇലക്ട്രോലൈറ്റ് ലായനിയിലാണ് ഇലക്ട്രോഡുകള്‍ സ്ഥിതി ചെയ്യുക. ലെഡ് ആസിഡ് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാവുന്നവയാണ്. കാറുകളിലുള്ള ബാറ്ററി എഞ്ചിനുമായി കണക്ട് ചെയ്തിരിക്കുന്ന ആള്‍ട്ടര്‍നേറ്റര്‍ എന്ന് വിളിക്കുന്ന ചെറിയ ജനറേറ്റര്‍ ഉപയോഗിച്ചാണ് റീചാര്‍ജ് ആകുന്നത്. എഞ്ചിന്‍ ചലനത്തെ ആശ്രയിക്കുന്നു എന്നതിനാല്‍ വണ്ടി ഓടിയാലേ ബാറ്ററി റീചാര്‍ജ് ആകൂ. ദീര്‍ഘനാള്‍ വണ്ടി ഉപയോഗിക്കാതിരുന്നാലും വണ്ടി ഓഫ് ചെയ്യുമ്പോള്‍ ലൈറ്റുകള്‍ ഓണ്‍ ചെയ്തിട്ടാലും ബാറ്ററിയുടെ ചാര്‍ജ് തീരും. അങ്ങനെ വരുമ്പോഴാണ് പലപ്പോഴും വണ്ടിക്ക് ജംപ് സ്റ്റാര്‍ട്ട് വേണ്ടിവരുന്നത്. രണ്ട് വാഹനങ്ങളെ അഭിമുഖമായി നിര്‍ത്തി ഒരു വാഹനത്തിലെ നിര്‍ജീവമായ ബാറ്ററിയെ മറ്റേ വാഹനം ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന രീതിയാണിത്. ബാറ്ററി റീചാര്‍ജ് ആയിക്കഴിഞ്ഞാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാം. എന്നാല്‍ കാലപ്പഴക്കം കൊണ്ട് ലെഡ് ആസിഡ് ബാറ്ററികള്‍ ഉപയോഗശൂന്യമാകാം.

അള്‍ട്രാബാറ്ററി

ലെഡ് ആസിഡ് ബാറ്ററിയുടെ കൂടുതല്‍ മെച്ചപ്പെട്ട രൂപമാണ് കോമണ്‍വെല്‍ത്ത് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്ന ഓസ്ട്രേലിയന്‍ ശാസ്ത്ര ഗവേഷണ ഏജന്‍സി വികസിപ്പിച്ച അള്‍ട്രാബാറ്ററി. ലെഡ് ആസിഡ് ബാറ്ററിയോടൊപ്പം ഒരു സൂപ്പര്‍കപ്പാസിറ്ററും ചേര്‍ന്ന ബാറ്ററിയാണിത്. സാധാരണ ലെഡ് ആസിഡ് ബാറ്ററിക്ക് അതിനുള്ളിലെ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി കാലാന്തരത്തില്‍ നാശമുണ്ടാകാമെന്ന് നേരത്തെ ഉണ്ണി വായിച്ചല്ലോ. മാത്രമല്ല കുറച്ച് ദൂരം മാത്രം വണ്ടി ഓടിക്കുന്നത് മൂലം ബാറ്ററിയുടെ ചാര്‍ജ് ഭാഗികമായി തീരുകയും ഭാഗികമായി നിറയ്ക്കപ്പെടുകയും ചെയ്യുന്നു. അതായത് ഒരിക്കലും ബാറ്ററി പൂര്‍ണ്ണമായി തീരുകയും പൂര്‍ണ്ണമായി നിറയ്ക്കപ്പെടുകയും ചെയ്യുന്നില്ല. ഇങ്ങനെ പകുതി ചാര്‍ജ്ജിലുള്ള പ്രവര്‍ത്തനം ബാറ്ററി തീരെ ഇഷ്ടപ്പെടുന്നില്ല. ലെഡ് ആസിഡ് ബാറ്ററിയുടെ ഇത്തരം പോരായ്മകളെ നികത്തുന്നതാണ് അള്‍ട്രാബാറ്ററിയിലെ സൂപ്പര്‍ കപ്പാസിറ്റര്‍. സൂപ്പര്‍ കപ്പാസിറ്ററിലൂടെ ബാറ്ററിയുടെ ആയുസ്സ് കൂടുന്നു. അള്‍ട്രാബാറ്ററിയുടെ നിര്‍മ്മാണച്ചെലവ് താരതമ്യേന കുറവാണെന്നതും (ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ 70 ശതമാനം കുറവ്)ഇതിന്റെ മേന്മയാണ്. സൂര്യപ്രകാശം, കാറ്റ് എന്നീ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം സംഭരിച്ച് വെക്കാന്‍ പവര്‍ സ്റ്റേഷനുകളിലും ഇത്തരം ബാറ്ററികള്‍ ഉപയോഗപ്രദമാണ്.

നിക്കല്‍ കാഡ്മിയം ബാറ്ററി (നികാഡ് ബാറ്ററി)

ഇന്ന് പഴഞ്ചനായി മാറിയെങ്കിലും പണ്ട് ടോര്‍ച്ചുകളിലും മറ്റ് പവര്‍ ടൂളുകളിലും കൊണ്ടുനടക്കാവുന്ന ഉപകരണങ്ങളിലും ഉപയോഗിച്ചിരുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി നിക്കല്‍ കാഡ്മിയം അഥവാ നിക്കാഡ് ബാറ്ററികളാണെന്ന് പുസ്തകം വായിച്ചപ്പോള്‍ ഉണ്ണിക്ക് മനസ്സിലായി. ഇപ്പോള്‍ വിപണി അടക്കി വാഴുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് മുമ്പ് നമ്മുടെ മൊബീല്‍ ഫോണുകളുടെ ജീവനും ഇവയായിരുന്നു. ഇപ്പോഴും ടോര്‍ച്ചുകളിലും ചില കളിപ്പാട്ടങ്ങളിലുമെല്ലാം റീച്ചാര്‍ജ് ചെയ്യാവുന്ന എഎ ബാറ്ററികളായി ഇവ ഉപയോഗിക്കുന്നുണ്ടെന്ന് വായിച്ച ഉണ്ണി ഓടിപ്പോയി തന്റെ കളിപ്പാട്ടങ്ങള്‍ പരിശോധിച്ചു. ലെഡ് ആസിഡ് ബാറ്ററികളെ പോലെ ദീര്‍ഘകാലമായി നികാഡ് ബാറ്ററികളും നമുക്കിടയിലുണ്ട്. 1910ലാണ് ആദ്യ നികാഡ് ബാറ്ററികള്‍ വിപണിയിലെത്തുന്നത്.


വിലകൂടിയ ലിഥിയം അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് വില കുറവാണെന്നതിനാല്‍ ലിഥിയം സള്‍ഫര്‍ ബാറ്ററികള്‍ ഭാവി വാഗ്ദാനമാണ്. സള്‍ഫര്‍ വളരെ വിലകുറഞ്ഞ മൂലകമാണെന്നതും സാര്‍വ്വത്രികമാണെന്നതുമാണ് അവയുടെ വിലക്കുറവിന് കാരണം


നികാഡ് ബാറ്ററിയില്‍ ആനോഡ് കാഡ്മിയം കൊണ്ടും കാതോഡ് നിക്കല്‍ ഓക്സെഡ് ഹൈഡ്രോക്സൈഡ് കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണയായി പോട്ടാസ്യം ഹൈഡ്രോക്സൈഡാണ് നികാഡില്‍ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത്. താരതമ്യേന ആയുസ്സ് കൂടിയ മെച്ചപ്പെട്ട ബാറ്ററികളാണെങ്കിലും ചില പോരായ്മകള്‍ ഇതിനുമുണ്ട്. മുമ്പ് എത്രത്തോളം ഡിസ്ചാര്‍ജ് (ചാര്‍ജ് ചിലവഴിക്കല്‍) നടന്നുവെന്ന് ഓര്‍മ്മിച്ചു വെക്കുക മൂലം (മെമ്മറി ഇഫക്ട്) ശരിയായ റീചാര്‍ജിംഗ് നടക്കാത്തതാണ് ഒരു പോരായ്മ. ഉപയോഗിക്കാതെ വെറുതെ വെച്ചാലും ഒരു മാസം 15-20 ശതമാനം എന്ന തോതില്‍ ചാര്‍ജ് നഷ്ടപ്പെടുമെന്നതാണ് മറ്റൊന്ന്. ആനോഡായി ഉപയോഗിക്കുന്ന കാഡ്മിയത്തിന് വലിയ വിലയാണെന്നതും ആരോഗ്യത്തിന് ഹാനികരമായ ലോഹമാണ് അതെന്നതും നികാഡ് ബാറ്ററികളുടെ മറ്റൊരു പോരായ്മയാണ്.

നിക്കല്‍ മെറ്റല്‍ ഹൈഡ്രോയിഡ് ബാറ്ററി

നികാഡ് ബാറ്ററികളുടെ പോരായ്മകള്‍ നികത്താനുള്ള ശ്രമമാണ് ആനോഡിലെ കാഡ്മിയത്തിന് പകരം ഹൈഡ്രജനെ ആഗിരണം ചെയ്യുന്ന ലോഹസങ്കരം ഉപയോഗിക്കുന്ന നിക്കല്‍ മെറ്റല്‍ ഹൈഡ്രോയിഡ് ബാറ്ററി. സാധാരണയായി ലന്താനം, സീറിയം, നീയോഡൈമിയം അല്ലെങ്കില്‍ പ്രസിയോഡൈമിയം തുടങ്ങി ഭൂമിയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകങ്ങള്‍ (റീസ്) നിക്കല്‍, കൊബാള്‍ട്ട്,  മാംഗനീസ്, അലൂമിനിയം എന്നിവയുമായി കൂട്ടിച്ചേര്‍ത്താണ് ഈ ബാറ്ററിയിലെ ലോഹസങ്കരം നിര്‍മ്മിക്കുന്നത്. വോള്‍ട്ടേജിലും കാപ്പാസിറ്റിയിലും ഉപയോഗത്തിലും ഇവ നിക്കാഡ് ബാറ്ററിക്ക് സമാനമാണ്. റീചാര്‍ജ് ചെയ്യാവുന്ന എഎ ബാറ്ററികളായി ഇവ ഇപ്പോഴും ഉപയോഗത്തിലുണ്ട്.

ആല്‍ക്കലൈന്‍ ബാറ്ററി

ഇന്നത്തെ ഐപോഡുകളെ പോലെ എണ്‍പതുകളില്‍ ലോകത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണ് വാക്ക്മാന്‍. വാക്ക്മാനിലും തൊണ്ണൂറുകളിലെ കളിപ്പാട്ടങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സിഡി പ്ലെയറുകളിലുമെല്ലാം ഉപയോഗിച്ചിരുന്ന ബാറ്ററികളാണ് ആല്‍ക്കലൈന്‍ ബാറ്ററികള്‍. ഇന്ന് വിപണിയില്‍ ഉപയോഗത്തിലുള്ള ബാറ്ററികള്‍ ബഹുഭൂരിപക്ഷവും ഇവയാണ്. പക്ഷേ അധികം വൈകാതെ തന്നെ ഫോണിലും ലാപ്ടോപ്പിലുമടക്കം ഇന്ന് വ്യാപകമായ ഉപകരണങ്ങളിലെല്ലാം ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് അല്‍ക്കലൈന്‍ ബാറ്ററികള്‍ വഴിമാറി കൊടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ നഷ്ടമാകുന്ന ചാര്‍ജിന്റെ നിരക്ക് (സെല്‍ഫ് ഡിസ്ചാര്‍ജ് റേറ്റ്) കുറവാണെന്നതാണ് ആല്‍ക്കലൈന്‍ ബാറ്ററികളുടെ പ്രചാരത്തിന്റെ പ്രധാന കാരണം. ഇതുമൂലം ഇവ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല ലെഡ്, കാഡ്മിയം പോലെ ഹാനികരമായ ലോഹങ്ങള്‍ ഇതില്‍ ഇല്ലെന്നതും മേന്മയാണ്. റീചാര്‍ജ് ചെയ്യാവുന്ന ആല്‍ക്കലൈന്‍ ബാറ്ററി വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൊതുവെ ഒറ്റത്തവണ ഉപയോഗിക്കുന്ന ആല്‍ക്കലൈന്‍ ബാറ്ററികളാണ് കൂടുതലായി പ്രചാരത്തിലുള്ളത്. ഇവയുടെ ആനോഡില്‍ സിങ്കും കാതോഡില്‍ മാംഗനീസ് ഡയോക്സൈഡുമാണ് ഉപയോഗിക്കുന്നത്. ആല്‍ക്കലൈന്‍ എന്ന പേര് ഈ ബാറ്ററികള്‍ക്ക് ലഭിച്ചിരിക്കുന്നത് അവയുടെ ഇലക്ട്രോലൈറ്റ് ആല്‍ക്കലൈന്‍ ലായനി ആയതുകൊണ്ടാണ്.

റിഡോക്സ് ഫ്ളോ ബാറ്ററി

ബാറ്ററി കുടുംബത്തിലെ ഇളമുറക്കാരാണ് റിഡോക്സ് ഫ്ളോ ബാറ്ററിയെന്ന് അരുണിന്റെ പുസ്തകത്തില്‍ നിന്ന് ഉണ്ണിക്ക് മനസിലായി. ഫ്ളോ ബാറ്ററിയില്‍ ഇലക്ട്രോഡുകളെന്ന സങ്കല്‍പ്പം ഇല്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഇലക്ട്രോണുകള്‍ ഒഴുകുകയും വൈദ്യുതി ഉണ്ടാകുകയും ചെയ്യുന്നതെന്ന് ഉണ്ണിക്ക് സംശയമായി. അവനത് അരുണിനോട് തന്നെ ചോദിച്ചു. ഉണ്ണിക്ക് മനസിലാകുന്ന ഭാഷയില്‍ അരുണ്‍ അത് വിശദീകരിച്ച് കൊടുത്തു. അതായത് ലോഹങ്ങള്‍ കൊണ്ടുള്ള ഇലക്ട്രോഡുകള്‍ ഇല്ലെങ്കിലും ഫ്ളോ ബാറ്ററിക്ക് ആനോഡ് ഭാഗവും കാതോഡ് ഭാഗവും ഉണ്ട്. ഇവരാണ് ഇലക്ട്രോണിനെ കൊടുക്കുകയും വാങ്ങുകയുമൊക്കെ ചെയ്ത് വൈദ്യുതിയെ ഒഴുക്കിവിടുന്നത്. ഇവിടെ രണ്ട് ടാങ്കുകളില്‍ നിറച്ചും ഇലക്ട്രോലൈറ്റ് ലായനിയാണ്. ഇതില്‍ നിറയെ രാസവസ്തുക്കള്‍ കലക്കിയിട്ടുണ്ടാകും. ഈ ലായനികളെ ബാറ്ററിക്ക് ചുറ്റുമായി പമ്പ് ചെയ്യിച്ച് സെല്ലിനകത്തെ നേര്‍ത്ത സ്തരത്തിലൂടെ ഇലക്ട്രോണുകളുടെ ഒഴുക്ക് സാധ്യമാക്കിയാണ് ഫ്ളോ ബാറ്ററി പ്രവര്‍ത്തിക്കുന്നത്.

രണ്ട് ടാങ്ക് എന്നൊക്കെ പറയുമ്പോള്‍ തന്നെ ഈ ബാറ്ററി ഒരു ഭീമന്‍ ബാറ്ററി ആയിരിക്കുമെന്ന് ഉണ്ണിക്ക് മനസിലായി.  ടാങ്കുകളുടെ വലുപ്പമാണ് ഇവിടെ ബാറ്ററിയുടെ ശേഷി നിര്‍ണയിക്കുന്നതെന്ന് അരുണ്‍ പറഞ്ഞു. അപ്പോള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന ബാറ്ററി വേണമെങ്കില്‍ വലിയ ടാങ്കുകളും ആവശ്യമായി വരുമല്ലേയെന്ന് ഉണ്ണി തിരിച്ചുചോദിച്ചു. അതേയെന്ന് മറുപടി പറഞ്ഞ അരുണ്‍ മറ്റൊന്ന് കൂടി ഉണ്ണിക്ക് പറഞ്ഞുകൊടുത്തു. നമ്മുടെ ലാപ്ടോപ്പുകളില്‍ ഒന്നുമല്ല, കാറ്റാടിപ്പാടങ്ങളിലും സോളാര്‍ പാടങ്ങളിലുമൊക്കെയാണ് ഈ ഭീമന്‍ ബാറ്ററി കൂടുതലായി ഉപയോഗിക്കുന്നത്, അതുകൊണ്ട് വലുപ്പം അവിടെ ഒരു പ്രശ്നമാകുന്നില്ല. കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതും റീചാര്‍ജ് ചെയ്യാമെന്നതും ഇവയുടെ മേന്മയാണ്. പക്ഷേ ഇലക്ട്രോലൈറ്റ് ലായനികളെ സെല്ലിനുള്ളിലൂടെ കടത്തിവിടുന്ന പമ്പിംഗ് സംവിധാനത്തെ ആശ്രയിച്ചാണ് ഈ ബാറ്ററിയുടെ പ്രവര്‍ത്തനമെന്നതാണ് ഇവിടുത്തെ പ്രധാന പോരായ്മയെന്ന് അരുണ്‍ വിശദീകരിച്ചു. അതിനാല്‍ ബാറ്ററിയുടെ ഭാഗങ്ങള്‍ക്ക് ഇടക്കിടെ അറ്റകുറ്റപ്പണി ആവശ്യമായി വരുന്നു.

ലിഥിയം സള്‍ഫര്‍ ബാറ്ററി

വിലകൂടിയ ലിഥിയം അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് വില കുറവാണെന്നതിനാല്‍ ലിഥിയം സള്‍ഫര്‍ ബാറ്ററികള്‍ ഭാവി വാഗ്ദാനമാണ്. സള്‍ഫര്‍ വളരെ വിലകുറഞ്ഞ മൂലകമാണെന്നതും സാര്‍വ്വത്രികമാണെന്നതുമാണ് അവയുടെ വിലക്കുറവിന് കാരണം. പേര് പോലെത്തന്നെ ഈ ബാറ്ററിയില്‍ ആനോഡ് കനം കുറഞ്ഞ ലിഥിയം ലോഹവും കാതോഡ് സള്‍ഫറുമാണ്. പരമ്പരാഗത ലിഥിയം അയണ്‍ ബാറ്ററിയെ അപേക്ഷിച്ച് ആനോഡും കാതോഡും വളരെ നേര്‍ത്തതാണെന്നതും ശേഷി വളരെ കൂടുതലാണെന്നതും ഇവയുടെ ഗുണമാണ്. എന്നാല്‍ ആയുസ്സ് വളരെ കുറവാണെന്നതാണ് ഇവയുടെ പ്രധാന പോരായ്മ.

പുസ്തകം വായിച്ച് കഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ സ്‌കൂളിലെ രസതന്ത്രം മാഷിനെ പോലെ ഗൗരവത്തോടെ അരുണിനോട് പറഞ്ഞു, ബാറ്ററിക്കുള്ളില്‍ എന്ത് തന്നെ ആയാലും നമ്മുടെ നിത്യജീവിതത്തില്‍ ബാറ്ററി എന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാധനമാണ്. ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. സാങ്കേതികവിദ്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ താങ്ങി നിര്‍ത്തുന്നത് ബാറ്ററിയാണ്. പക്ഷേ ഇതുവരെ കണ്ട ബാറ്ററികള്‍ ആയിരിക്കില്ല ഇനി കാണാനിരിക്കുന്നത്. സിനിമാസ്‌റ്റൈലില്‍ ഉള്ള ഉണ്ണിയുടെ ഡയലോഗ് കേട്ട അരുണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'തീര്‍ന്നില്ല ഉണ്ണി. ബാറ്ററിയെ കുറിച്ചുള്ള പഠനം പൂര്‍ത്തിയാകണമെങ്കില്‍ ലിഥിയം അയണ്‍ ബാറ്ററികളെ കുറിച്ച് അറിയണം. ഇന്നിപ്പോ സമയമേറെ വൈകി. നാളെ അതിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഞാന്‍ നിന്നെ കാണിക്കാം.' പുസ്തക വായനക്കിടയില്‍ പലതവണ വായിച്ച ആ പേര് ഉണ്ണിയും മറന്നിരുന്നില്ല. ലിഥിയം അയണ്‍ ബാറ്ററി! ഇത്രയധികം ബാറ്ററികള്‍ക്കിടയില്‍ അതിനെക്കുറിച്ച് മാത്രം ഒരു ഡോക്യുമെന്ററി ഉണ്ടെങ്കില്‍ ആള് നിസാരക്കാരനായിരിക്കില്ലെന്ന് ഉണ്ണിക്ക് തോന്നി. ഏതായാലും നാളത്തെ ഡോക്യുമെന്ററി കൂടി കണ്ടിട്ട് ബാറ്ററികളുടെ ലോകത്തോട് റ്റാറ്റാ പറയാമെന്ന് ഉണ്ണിയും തീരുമാനിച്ചു.