Sep 30, 2021 • 16M

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ നമുക്ക് നല്‍കിയതെന്ത്? ഭാഗം-1

ഗുമസ്തപ്പണി ചെയ്ത് ജീവിതം തുടങ്ങിയ ഒരു വ്യക്തി ശാസ്ത്രലോകത്തെ കീഴടക്കിയതെങ്ങനെ? സയന്‍സിലെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നാണത്

19
9
 
1.0×
0:00
-15:45
Open in playerListen on);
Episode details
9 comments
Illustration: Sudheesh P S/Science Indica/Storiyoh

വൈകി സംസാരിച്ച് തുടങ്ങിയ, ഒരിക്കല്‍ കണക്കില്‍ തോറ്റ, അന്തര്‍മുഖനായ, അല്‍പ്പ സ്വല്‍പ്പം മടിയുണ്ടായിരുന്ന, ഗുമസ്തപ്പണി ചെയ്ത് ജീവിതം തുടങ്ങിയ ഒരു വ്യക്തി ശാസ്ത്രലോകത്തെ കീഴടക്കിയതെങ്ങനെ? സയന്‍സിലെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നാണത്. സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സില്‍ ഇത്തവണ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന ഇതിഹാസത്തിന്റെ കഥയാണ്. ഐന്‍സ്റ്റൈന്‍ നമുക്കെന്ത് നല്‍കി...

ഒമ്പത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1931ല്‍ ലോകത്തെ ഏറ്റവുമധികം വിസ്മയിപ്പിച്ച രണ്ട് പ്രതിഭകള്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നു. അതിലൊരാള്‍ ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞന്‍, മറ്റൊരാള്‍ നിശബ്ദമായി ലോകത്തെ പൊട്ടിച്ചിരിപ്പിച്ച വലിയ കലാകാരനും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനും ചാര്‍ളി ചാപ്ലിനും, അവരായിരുന്നു അത്. ഐന്‍സ്റ്റീന്‍ പറഞ്ഞു, 'താങ്കളുടെ കലയെ ഞാനിത്രയും ആരാധിക്കാനുള്ള കാരണം താങ്കളുടെ സാര്‍വ്വലൗകികതയാണ്, ഒരക്ഷരം പോലും പറയാതിരുന്നിട്ടും ലോകം താങ്കളെ മനസിലാക്കുന്നു.'

ചാപ്ലിന്‍ മറുപടി പറഞ്ഞു, 'ശരിയാണ്, എങ്കിലും താങ്കളുടെ പ്രഭാവം അതിലും വലുതാണ്. താങ്കള്‍ പറയുന്ന ഒരു വാക്ക് പോലും മനസിലായില്ലെങ്കിലും ലോകം മുഴുവന്‍ അങ്ങയെ വാഴ്ത്തുന്നു.' ചാപ്ലിന്‍ പറഞ്ഞത് ശരിയായിരുന്നു. ഐന്‍സ്റ്റൈന്റെ വലിയ സിദ്ധാന്തങ്ങള്‍ മനസിലായില്ലെങ്കിലും ഭൗതിക ശാസ്ത്രത്തെ കുറിച്ച് അന്നുവരെയുള്ള കാഴ്ചപ്പാടുകളെ ഇളക്കിമറിച്ച സിദ്ധാന്തങ്ങളിലും തുടര്‍ന്നുള്ള ഗവേഷണങ്ങളിലും പഠനങ്ങളിലും കണ്ടെത്തലുകളിലും ജര്‍മന്‍കാരനായ ഈ ഊര്‍ജ്ജതന്ത്രജ്ഞന്‍ വഹിച്ച പങ്ക് അറിയാത്തവര്‍ ചുരുക്കമായിരിക്കും.

ആപേക്ഷികതാ സിദ്ധാന്തം, ഫോട്ടോണുകളുടെ കണ്ടുപിടിത്തം, ഇലക്ട്രോമാഗ്‌നറ്റിസം, ഗുരുത്വാകര്‍ഷണം എന്നീ മേഖലകളിലെല്ലാം ശാസ്ത്രലോകത്തിന് പുതിയ പാത വെട്ടിത്തുറന്ന് കൊടുത്ത വ്യക്തിത്വമാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന മഹാപ്രതിഭ. ഇന്ന് വരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സമവാക്യങ്ങളില്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള E = mc^2, എന്ന ഒറ്റ കാര്യം മതി ഐന്‍സ്റ്റൈന്‍ എന്ന സമാനതകളില്ലാത്ത പ്രതിഭയെ അടയാളപ്പെടുത്താന്‍.

ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഐന്‍സ്റ്റൈന്‍. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ മുതല്‍ ബുധന്റെ ഭ്രമണപഥം വരെ സര്‍വ്വകാര്യങ്ങളെ കുറിച്ചും പഠിക്കാന്‍ ഇന്നും ജ്യോതിശാസ്ത്രജ്ഞര്‍ ആശ്രയിക്കുന്നത് ഐന്‍സ്റ്റൈന്റെ സിദ്ധാന്തങ്ങളെയാണ്. വിശേഷ അപേക്ഷികതയെ വിശദീകരിക്കാനായി അദ്ദേഹം അവതരിപ്പിച്ച E = mc^2 എന്ന സമവാക്യം ഊര്‍ജ്ജതന്ത്രത്തില്‍ വേണ്ടത്ര അവഗാഹം ഇല്ലാത്തവര്‍ക്ക് പോലും മനഃപാഠമായി.

ഗവേഷണശാലകളില്‍ വര്‍ഷങ്ങളോളം പരീക്ഷണങ്ങള്‍ നടത്തിയും ശാസ്ത്രപഠനങ്ങള്‍ക്കായി സമയമുഴിഞ്ഞ് വെച്ചും അല്ല ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തിയതെന്ന വസ്തുത ഇന്നും ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു


ഗുരുത്വാകര്‍ഷണത്തിന്റെ വിശദീകരണമായി അവതരിപ്പിച്ച പൊതു ആപേക്ഷികതാ സിദ്ധാന്തവും പ്രത്യേക സാഹചര്യങ്ങളില്‍ ഇലക്ട്രോണുകളുടെ സ്വഭാവം വിശദീകരിക്കുന്ന പ്രകാശ വൈദ്യുത പ്രവാഹവുമെല്ലാം ഐന്‍സ്റ്റൈന്‍ എന്ന ശാസ്ത്രപ്രതിഭയെ ലോകത്ത് കൂടുതല്‍ സ്വീകാര്യനാക്കി. ശാസ്ത്രലോകത്തിന് നല്‍കിയ അതുല്യ സംഭാവനകള്‍ അദ്ദേഹത്തെ നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കി. പ്രപഞ്ചത്തിലെ എല്ലാ ശക്തികളെയും ഏകീകരിച്ച് ഒരൊറ്റ സിദ്ധാന്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. മരണപ്പെടുന്നതിന് മുമ്പ് വരെ അതിനായി പരിശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ആദ്യകാല ജീവിതം

1879ല്‍ ജര്‍മ്മനിയിലെ ഉല്‍മ് എന്ന പ്രദേശത്ത് ഇടത്തരം ജൂതക്കുടുംബത്തിലാണ് ഐന്‍സ്റ്റൈന്‍ ജനിക്കുന്നത്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം മ്യൂണിക്കിലേക്കും പിന്നീട് ഇറ്റലിയിലേക്കും കുടിയേറി. തികഞ്ഞ ദൈവവിശ്വാസി ആയിരുന്നെങ്കിലും മാതാപിതാക്കളെ പോലെ ഐന്‍സ്റ്റൈനും മതേതര ചിന്താഗതിയുള്ള ആളായിരുന്നു. പിതാവ് ഹെര്‍മന്‍ ഐന്‍സ്റ്റൈന് ബിസിനസായിരുന്നു. മാതാവ് പൗളിന്‍ കോച്ച് ആണ് കുഞ്ഞ് ഐന്‍സ്റ്റൈനെയും സഹോദരി മരിയയുടെയും കാര്യങ്ങള്‍ നോക്കിയിരുന്നത്. പൗളിനില്‍ നിന്ന് ലഭിച്ച സംഗീതവാസന ഐന്‍സ്റ്റൈന്‍ ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിച്ചു.

അഞ്ചാംവയസ്സില്‍ തന്നെ അത്ഭുതപ്പെടുത്തിയ വടക്കുനോക്കിയന്ത്രത്തെ കുറിച്ച് പിന്നീട് ഐന്‍സ്റ്റൈന്‍ പറഞ്ഞിട്ടുണ്ട്. അദൃശ്യമായ ഒരു ശക്തിയില്‍ ചലിക്കുന്ന അതിലെ സൂചിയാണ് ഐന്‍സ്റ്റൈനെ കൗതുകപ്പെടുത്തിയത്. ഒരുപക്ഷേ അദ്ദേഹത്തില്‍ ശാസ്ത്രതാല്‍പ്പര്യമുണര്‍ത്തിയ ആദ്യ വസ്തുവായിരിക്കാം അത്. പിന്നീട് ജീവിതകാലത്തിലുടനീളം ലോകത്തിലെ അദൃശ്യശക്തികള്‍ ഐന്‍സ്റ്റൈനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. 12ാം വയസില്‍ കണ്ടെത്തിയ ജ്യാമിതിയെക്കുറിച്ചുള്ള പുസ്തകമാണ് പിന്നീട് അയാളെ അത്ഭുതപ്പെടുത്തിയത്. ഒരു വിശുദ്ധ ഗ്രന്ഥമായാണ് ഐന്‍സ്റ്റൈന്‍ അതിനെ കരുതിയത്. വൈകി സംസാരിച്ചു തുടങ്ങിയ കുട്ടിയായി പല ചരിത്രഗ്രന്ഥങ്ങളും ഐന്‍സ്റ്റൈനെ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല മറവി, പഠനവൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.

ഐന്‍സ്റ്റൈന്‍ പഠനത്തില്‍ മോശമായിരുന്നുവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാലത് ശരിയല്ലെന്ന് ഐന്‍സ്റ്റൈന്‍ പണ്ഡിതനായ ഹാന്‍സ് ജോസഫ് കുപ്പറിന്റെ വെബ്സൈറ്റില്‍ പറയുന്നു. ഊര്‍ജ്ജതന്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഐന്‍സ്റ്റൈന്‍ മിടുക്കനായിരുന്നു. മറ്റ് വിഷയങ്ങളില്‍ മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. എങ്കിലും സര്‍ഗ്ഗാത്മകതയ്ക്കും മൗലികതയ്ക്കും ഇടമില്ലാതിരുന്ന പ്രുഷ്യന്‍ രീതിയിലുള്ള വിദ്യാഭ്യാസത്തെ ഐന്‍സ്റ്റൈന്‍ വെറുത്തു.

ഗുമസ്തപ്പണിക്കിടെയുള്ള ഒഴിവുസമയങ്ങളിലാണ് ഐന്‍സ്റ്റൈന്‍ തന്റെ ആദ്യ സിദ്ധാന്തമായ വിശിഷ്ട ആപേക്ഷികതയെ കുറിച്ചുള്ള പ്രബന്ധം തയ്യാറാക്കുന്നത്

ഐന്‍സ്റ്റൈനിലെ പ്രതിഭയെ കണ്ടെത്തുന്നതില്‍ അധ്യാപകരും പരാജയപ്പെട്ടുവെന്നുവേണം പറയാന്‍. ബുദ്ധിയില്ലാത്തവനെന്ന് പോലും ചില അധ്യാപകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അങ്ങനെ പതിനാറാം വയസില്‍ അവന്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. എന്നാല്‍ പഠനത്തോടുള്ള ഐന്‍സ്റ്റൈന്റെ ആവേശത്തിന് ഒട്ടും ഇളക്കം തട്ടിയിരുന്നില്ല. സൂറിച്ചിലെ സ്വിസ്സ് ഫെഡറല്‍ പോളിടെക്നിക് സ്‌കൂളിലേക്ക് പ്രവേശന പരീക്ഷ എഴുതുന്നത് അങ്ങനെയാണ്. എന്നാല്‍ കണക്കിലും ഊര്‍ജ്ജതന്ത്രത്തിലും വിജയിച്ചെങ്കിലും മറ്റ് വിഷയങ്ങളില്‍ അന്നദ്ദേഹം തോറ്റുപോയി.

തോല്‍ക്കാന്‍ ഐന്‍സ്റ്റീന്‍ തയ്യാറായില്ല. ഒരു വര്‍ഷം ഇരുന്ന് പഠിച്ച് 1896ല്‍ സ്വിസ്സ് പോളിടെക്നിക്കില്‍ അദ്ദേഹം പ്രവേശനം നേടി. അധ്യാപനമായിരുന്നു ലക്ഷ്യം. ഈ കാലഘട്ടത്തെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടമായാണ് ഐന്‍സ്റ്റൈന്‍ അടയാളപ്പെടുത്തുന്നത്.

1901ല്‍ ഊര്‍ജ്ജതന്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഡിപ്ലോമ ലഭിച്ചെങ്കിലും അധ്യാപക പദവി നേടാന്‍ അദ്ദേഹത്തിനായില്ല. ഐന്‍സ്റ്റൈന്റെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലമായിരുന്നു അത്. തൊഴിലില്ലായ്മയ്ക്കൊപ്പം പിതാവിന്റെ ബിസിനസ് തകര്‍ന്നതും ഐന്‍സ്റ്റൈനെ വലച്ചു. എന്നാല്‍ അധികം വൈകാതെ അച്ഛന്‍ ഹെര്‍മന്‍ ഐന്‍സ്റ്റൈന്റെ ഒരു ചങ്ങാതിയുടെ ശുപാര്‍ശയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ പേറ്റന്റ് ഓഫീസില്‍ ഗുമസ്തനായി അദ്ദേഹത്തിന് ജോലി ലഭിച്ചു.

പിന്നീട് ദീര്‍ഘകാല പ്രണയിനിയും പോളിടെക്നിക്കില്‍ ഒരുമിച്ച് പഠിച്ച സെര്‍ബിയക്കാരിയുമായ മിലേവ മരികിനെ 1903ല്‍ ഐന്‍സ്റ്റൈന്‍ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഹാന്‍സ് ആല്‍ബര്‍ട്ട്, എഡ്വേര്‍ഡ് എന്നീ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ 1919ല്‍ മരികുമായുള്ള ബന്ധം വേര്‍പിരിയുകയും അകന്ന ബന്ധുവായ എല്‍സ ലൗവെന്താലിനെ വിവാഹം കഴിക്കുകയുമുണ്ടായി. നോബേല്‍ പുരസ്‌കാരം ലഭിക്കുന്ന പക്ഷം ആ സമ്മാനത്തുക മരികിന് നല്‍കുമെന്ന് വേര്‍പിരിയല്‍ സമയത്ത് ഐന്‍സ്റ്റൈന്‍ പറഞ്ഞിരുന്നു.

ഗുമസ്തപ്പണിക്കിടയില്‍ പിറന്ന ആപേക്ഷിക സിദ്ധാന്തം

ഗവേഷണശാലകളില്‍ വര്‍ഷങ്ങളോളം പരീക്ഷണങ്ങള്‍ നടത്തിയും ശാസ്ത്രപഠനങ്ങള്‍ക്കായി സമയമുഴിഞ്ഞ് വെച്ചും അല്ല ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തിയതെന്ന വസ്തുത ഇന്നും ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ഗുമസ്തപ്പണിക്കിടെയുള്ള ഒഴിവുസമയങ്ങളിലാണ് ഐന്‍സ്റ്റൈന്‍ തന്റെ ആദ്യ സിദ്ധാന്തമായ വിശിഷ്ട ആപേക്ഷികതയെ കുറിച്ചുള്ള പ്രബന്ധം തയ്യാറാക്കുന്നത്. പതിനാറാം വയസ്സില്‍ ചിന്തയിലുടക്കിയ ഒരു ചോദ്യമാണ് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലേക്ക് ഐന്‍സ്റ്റൈനെ എത്തിച്ചത്. പ്രകാശരശ്മിക്കൊപ്പം ഒരാള്‍ മത്സരിച്ചാല്‍ എന്ത് സംഭവിക്കുമെന്നതായിരുന്നു ആ ചോദ്യം.

പോളിടെക്നിക്കില്‍ പഠിക്കുമ്പോള്‍ പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറയുന്ന മാക്സ്വെല്ലിന്റെ സമവാക്യങ്ങള്‍ ഐന്‍സ്റ്റൈന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് ജെയിംസ് ക്ലാര്‍ക്ക് മാക്സ്വെല്ലിന് പോലും അറിയാതിരുന്ന ഒരുകാര്യം ഐന്‍സ്റ്റൈന്‍ കണ്ടെത്തി. ഒരാള്‍ എത്ര വേഗത്തില്‍ സഞ്ചരിച്ചാലും പ്രകാശത്തിന്റെ വേഗതയില്‍ മാറ്റമുണ്ടാകില്ല എന്നതായിരുന്നു അത്. ന്യൂട്ടന്റെ ചലന നിയമങ്ങള്‍ക്ക് എതിരായിരുന്നു അത്. എങ്കിലും ന്യൂട്ടന്റെ സിദ്ധാന്തത്തില്‍ കൃത്യമായൊരു വേഗതയെ കുറിച്ച് പറയാത്തതിനാല്‍ ആപേക്ഷികതാ തത്വത്തിന് രൂപം നല്‍കാന്‍ ഐന്‍സ്റ്റൈന് സാധിച്ചു. ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിനെ സംബന്ധിച്ചെടുത്തോളം പ്രകാശത്തിന്റെ വേഗത സ്ഥിരമായിരിക്കുമെന്നതായിരുന്നു അത്.

1905നെ ഐന്‍സ്റ്റൈന്റെ ജീവിതത്തിലെ അത്ഭുത വര്‍ഷമെന്ന് വിളിക്കാം. ഒന്നിന് പിറകേ ഒന്നായി നാല് പ്രബന്ധങ്ങളാണ് അക്കാലത്ത് ഐന്‍സ്റ്റൈന്‍ ശാസ്ത്രലോകത്തിന് സമ്മാനിച്ചത്. അവയെല്ലാം അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളെ ഇളക്കിമറിക്കാന്‍ ശേഷിയുള്ളവയായിരുന്നുതാനും.

ശാസ്ത്രജ്ഞനിലേക്കുള്ള വളര്‍ച്ച

തുടക്കകാലത്ത്, 1905ല്‍ ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച പേപ്പറുകളെ ശാസ്ത്രലോകം അവഗണിച്ചു. എന്നാല്‍ അക്കാലത്തെ ഏറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞനും ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവുമായ മാക്സ് പ്ലാങ്ക് ഐന്‍സ്റ്റൈനിലെ പ്രതിഭയെ തിരിച്ചറിഞ്ഞതോടെ ശാസ്ത്രലോകത്ത് ഐന്‍സ്റ്റൈന്‍ യുഗത്തിന്റെ പിറവിയായി.

അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ശരിയാണെന്ന് തെളിഞ്ഞതോടെ സൂറിച്ച് സര്‍വ്വകലാശാല, പ്രാഗ് സര്‍വ്വകലാശാല, സ്വിസ്സ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെര്‍ലിന്‍ സര്‍വ്വകലാശാല അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് മികച്ച ഓഫറുകള്‍ ലഭിച്ചു. 1913നും 1933നും ഇടയില്‍ ജര്‍മ്മന്‍ പൗരത്വം സ്വീകരിച്ച ഐന്‍സ്റ്റൈന്‍ കേസര്‍ വില്യം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്സിന്റെ ഡയറക്ടറായും ബെര്‍ലിന്‍ സര്‍വ്വകലാശാല പ്രഫസറായും പ്രവര്‍ത്തിച്ചു. ഈ കാലത്ത് ആപേക്ഷികത സിദ്ധാന്തം വിശദീകരിക്കുന്നതിനായി അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്തിരുന്നു.

1933ല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ഭരണം ഏറ്റെടുത്തതോടെ ഏകാധിപത്യത്തെ എതിര്‍ത്ത ആ പ്രതിഭ ജര്‍മ്മന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറി. ഊര്‍ജ്ജതന്ത്രത്തിന്റെ മാര്‍പാപ്പ ജര്‍മ്മനി വിട്ടു, പ്രിന്‍സ്റ്റണ്‍ പുതിയ വത്തിക്കാന്‍ എന്നാണ് ഐന്‍സ്റ്റൈന്റെ തീരുമാനത്തെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് 1940ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഭൗതികശാസ്ത്ര പ്രഫസറായി അധ്യാപക ജീവിതം തുടര്‍ന്ന ഐന്‍സ്റ്റൈന്‍ 1945ല്‍ വിരമിച്ചു.

അവസാനകാലങ്ങളിലും ശാസ്ത്രവിഷയങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. 1955 എപ്രിലില്‍ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പും കണ്ണടയും എഴുതാനാവശ്യമായ സാധനങ്ങളും ഐന്‍സ്റ്റൈന്‍ ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു്. സമയം വെറുതെ കളയേണ്ടതില്ലെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. ബുദ്ധിശക്തിയും ഭാവനയും പേനയും കടലാസുകളും പെന്‍സിലും മാത്രമായിരുന്നു മഹത്തായ കണ്ടുപിടിത്തങ്ങള്‍ക്ക് ഐന്‍സ്റ്റൈന് ഒപ്പമുണ്ടായിരുന്ന ആയുധങ്ങള്‍.

ഐന്‍സ്റ്റൈന്റെ തലച്ചോര്‍

1955 ഏപ്രില്‍ പതിനെട്ടിനാണ് ഐന്‍സ്റ്റൈന്‍ മരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ ശസ്ത്രക്രിയ നടത്താന്‍ ഐന്‍സ്റ്റൈന്‍ വിസമ്മതിച്ചതായും സമയമാകുമ്പോള്‍ എനിക്ക് പോകണമെന്നും കൃത്രിമമായി ജീവിതം വലിച്ചുനീട്ടുന്നത് ശരിയല്ലെന്നും തന്റെ ഭാഗം ചെയ്തുതീര്‍ത്തശേഷമാണ് താന്‍ പോകുന്നതെന്നും ഐന്‍സ്റ്റൈന്‍ പറഞ്ഞതായി അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി പറയുന്നു. മരണശേഷം ശരീരം ദഹിപ്പിച്ച് ചിതാഭസ്മം വിതറിക്കളയുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പ്രിന്‍സ്റ്റണ്‍ ആശുപത്രിയിലെ ഡോക്റ്ററായ തോമസ് ഹാര്‍വി അനുവാദമില്ലാതെ ഐന്‍സ്റ്റൈന്റെ തലച്ചോറും കണ്ണുകളും ശരീരത്തില്‍ നിന്നും നീക്കം ചെയ്ത് സൂക്ഷിച്ചു.

ലോകം ഇതുവരെ കേട്ടിട്ടില്ലാത്ത മഹദ് ചിന്തകള്‍ പിറന്ന ഐന്‍സ്റ്റീന്റെ തലച്ചോര്‍ പഠനവിധേയമാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഹാര്‍വിക്ക് ഈ വിഷയത്തില്‍ കാര്യമായ അറിവില്ലായിരുന്നു. പല കോണുകളില്‍ നിന്നായി ഐന്‍സ്റ്റൈന്റെ തലച്ചോറിന്റെ പതിനാലോളം ഫോട്ടോകള്‍ എടുത്തതിന് ശേഷം നൂറുകണക്കിന് കഷ്ണങ്ങളാക്കി ദീര്‍ഘകാലം അദ്ദേഹമത് രഹസ്യമായി സൂക്ഷിച്ചു. പിന്നീട് ഈ വിവരം പുറത്തായതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് ഹാര്‍വി അത് ഗവേഷണത്തിനായി നല്‍കി. ഐന്‍സ്റ്റൈന്റെ തലച്ചോറ് സംബന്ധിച്ച് പല പഠനങ്ങളും പിന്നീട് പുറത്തുവന്നു. ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്റെ തലച്ചോറിന് സാധാരണ ആളുകളുടെ തലച്ചോറിനേക്കാള്‍ ഭാരക്കുറവായിരുന്നുവെന്നതാണ് അതില്‍ രസകരമായ ഒന്ന് (സാധാരണ തലച്ചോറിന് 1,400 ഗ്രാം വരെ ഭാരം വരുമ്പോള്‍ ഐന്‍സ്റ്റൈന്റെ തലച്ചോറിന് 1,230 ഗ്രാം ആയിരുന്നു ഭാരം). അതേസമയം ചുളിവുകളും മടക്കുകളും കൂടുതലായതിനാല്‍ തലച്ചോറിന്റെ വിസ്തീര്‍ണ്ണം കൂടുതലാണെന്നും ഇന്‍ഫീരിയല്‍ പരൈറ്റല്‍ ലോബിന് വലുപ്പം കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഐന്‍സ്റ്റൈന്റെ തലച്ചോറില്‍ ഗ്ലയല്‍ കോശങ്ങള്‍ കൂടുതലാണെന്ന കണ്ടെത്തലും പിന്നീടുണ്ടായി.

തലച്ചോറും ശരീരഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയത്തില്‍ സുപ്രധാനപങ്ക് വഹിക്കുന്ന ന്യൂറോണുകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്ന കോശങ്ങളാണിവ. ഐന്‍സ്റ്റൈന്റെ മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായിരുന്നുവെന്നും ഇതിലൂടെ വ്യാഖ്യാനിക്കാം. അത്തരത്തില്‍ പല പഠനങ്ങളും ഐന്‍സ്റ്റൈന്റെ തലച്ചോറിനെ ചുറ്റിപ്പറ്റി പിന്നീട് ഉരുത്തിരിഞ്ഞ് വന്നു. എന്നാല്‍ സജീവമല്ലാത്ത ഒരു തലച്ചോറിനെ ആധാരമാക്കിയുള്ള ഇത്തരം നിഗമനങ്ങള്‍ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് പറയാന്‍ സാധിക്കില്ല.

ഏതായാലും മഹാനായ ആ ശാസ്ത്രജ്ഞന്‍ മരിച്ച് 66 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ തലച്ചോറിന്റെ ഭാഗങ്ങള്‍ ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡല്‍ഫിയയിലെ മട്ടര്‍ മ്യൂസിയത്തിലും സൂക്ഷിച്ച് വെച്ചിരിക്കുകയാണ്.

ലോകമഹായുദ്ധം, അണുബോംബ്

1930കള്‍ ഐന്‍സ്റ്റീനെ സംബന്ധിച്ച് വീണ്ടും ദുരിതത്തിന്റെ വര്‍ഷങ്ങളായിരുന്നു. മകന് അസുഖം ബാധിക്കുന്നതും ആത്മസുഹൃത്ത് ആത്മഹത്യ ചെയ്യുന്നതും ഭാര്യ എല്‍സ മരിക്കുന്നതും ഇക്കാലയളവിലാണ്. E = mc^2  എന്ന ഐന്‍സ്റ്റൈന്‍ സിദ്ധാന്തം അനുസരിച്ച് അണുബോംബ് നിര്‍മ്മാണം സാധ്യമാണോ എന്ന് ഊര്‍ജ്ജതന്ത്രജ്ഞര്‍ ചിന്തിച്ച് തുടങ്ങിയതും ഇക്കാലത്താണ്.

1952ല്‍ ലോകം കണ്ട മഹാനായ ജൂതന്‍ എന്ന നിലയില്‍ ഇസ്രയേലിന്റെ പ്രഥമ പ്രസിഡന്റാകാന്‍ പിന്നീട് ആ പദവി അലങ്കരിച്ച കൈം വൈസ്മാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനോട് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു

1920ല്‍ ഐന്‍സ്റ്റൈന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് അതിനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 1938-39ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞരായ ഓട്ടോ ഹാന്‍, ഫ്രിറ്റ്സ് സ്ട്രാസ്മാന്‍, ലിസെ മീറ്റ്നര്‍, ഓട്ടോ ഫ്രിസ്‌ക് എ്ന്നിവര്‍ യൂറേനിയം ആറ്റത്തെ വിഘടിപ്പിച്ചാല്‍ വന്‍തോതിലുള്ള ഊര്‍ജ്ജമുണ്ടാകുമെന്ന് കണ്ടെത്തി. ഇത് യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന ഭയത്തില്‍ സുഹൃത്തിന്റെ പ്രേരണയാല്‍ അണുബോംബ് നിര്‍മിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെടണമെന്ന് ഐന്‍സ്റ്റൈന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റിന് കത്തെഴുതി. ഇരുപക്ഷത്തും അണുബോംബ് ഉണ്ടായാല്‍ ഉപയോഗിക്കാന്‍ മടിക്കുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ ഐന്‍സ്റ്റൈനെ അണുബോബ് നിര്‍മ്മാണ പ്രോജക്ടില്‍ അമേരിക്ക ഒപ്പം കൂട്ടിയില്ല. ഐന്‍സ്റ്റൈന്‍ റഷ്യന്‍ ചാരനാണെന്ന തെറ്റിദ്ധാരണയില്‍ വര്‍ഷങ്ങളോളം അമേരിക്ക അദ്ദേഹത്തെ നീരീക്ഷിക്കുകയും ചെയ്തു.

1945ല്‍ അമേരിക്ക ജപ്പാനില്‍ അണവായുധം പ്രയോഗിച്ചപ്പോള്‍ ഐന്‍സ്റ്റൈന്‍ അവധിയാഘോഷത്തില്‍ ആയിരുന്നു. എന്നാല്‍ ഇത് അറിഞ്ഞയുടന്‍ അദ്ദേഹം അണുബോംബ് നിര്‍മ്മാണം തടുക്കുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമാകുകയും ആണവ ശാസ്ത്രജ്ഞരുടെ അടിയന്തര കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.

ഇസ്രയേല്‍ പ്രസിഡന്റാകാന്‍ ക്ഷണം

1952ല്‍ ലോകം കണ്ട മഹാനായ ജൂതന്‍ എന്ന നിലയില്‍ ഇസ്രയേലിന്റെ പ്രഥമ പ്രസിഡന്റാകാന്‍ പിന്നീട് ആ പദവി അലങ്കരിച്ച കൈം വൈസ്മാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനോട് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ ഭരണത്തലവനായി തന്നെ കാണാന്‍ ഇഷ്ടമില്ലാതിരുന്ന ഐന്‍സ്റ്റീന്‍ ആ ക്ഷണം നിരസിച്ചു.

(അടുത്ത ഭാഗം: ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ശാസ്ത്ര ചിന്തകള്‍)

A guest post by
Science Writer Science Indica
Subscribe to Veena