Nov 10, 2021 • 7M

ഭൂമിക്കരികിലേക്ക് വരുന്നു ആ കൂറ്റന്‍ വാല്‍നക്ഷത്രം

ഭൂമിക്കരികിലേക്ക് ഒരു കൂറ്റന്‍ വാല്‍നക്ഷത്രം വരുകയാണ്. ഭയക്കേണ്ടതുണ്ടോ നമ്മള്‍

4
 
1.0×
0:00
-6:42
Open in playerListen on);
Episode details
Comments

Summary

ഭൂമിക്കരികിലേക്ക് ഒരു കൂറ്റന്‍ വാല്‍നക്ഷത്രം വരുകയാണ്. ഭയക്കേണ്ടതുണ്ടോ നമ്മള്‍. ഇല്ല. മറിച്ച് അത് വലിയൊരു അവസരമാണ്. സൗരയൂഥത്തിന്റെ പിറവിയില്‍ നിന്നും രൂപം കൊണ്ട ഭീമാകാരങ്ങളായ ബഹിരാകാശ അവശിഷ്ടങ്ങളുടെ ഘടനയെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ അത് നമ്മെ സഹായിച്ചേക്കും


നൂറ് കിലോമീറ്റര്‍ നീളവും ഇരുന്നൂറ് കിലോമീറ്റര്‍ വീതിയുമുള്ള ഒരു വാല്‍നക്ഷത്രം. ഒരുപക്ഷേ ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും വലത്. സാധാരണ വാല്‍നക്ഷത്രത്തേക്കാള്‍ ആയിരം മടങ്ങ് വലുപ്പം. 2014ല്‍ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍ എന്ന ഭീമാകാരന്‍ വാല്‍നക്ഷത്രം സൂര്യനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2031ല്‍ അത് ഭൂമിക്ക് ഏറ്റവും അടുത്തായി എത്തും.

ആകാശത്തിന്റെ എട്ടിലൊന്ന് മേഖലയിലുള്ള ദശലക്ഷക്കണക്കിന് ആകാശഗംഗകളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഡാര്‍ക് എനര്‍ജി സര്‍വ്വേ (ഡിഇഎസ്)യുടെ വിവരങ്ങളില്‍ നിന്നാണ് പെഡ്രോ ബെര്‍ണിനെല്ലി, ഗാരി ബേണ്‍സ്റ്റീന്‍ എന്നീ ജ്യോതിശാസ്ത്രജ്ഞര്‍ ഇ/2014 യു.എന്‍ 271 എന്ന് ശാസ്ത്രനാമമുള്ള ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തുന്നത്. അങ്ങനെയാണ് ഈ ഭീമന്‍ വാല്‍നക്ഷത്രത്തിന് ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍ എന്ന പേര് വരുന്നത്. ഡിഇഎസിന് വേണ്ടി മാത്രമുള്ള ചിലിയിലെ കെറോ ടൊലോലോ ഇന്റെര്‍ അമേരിക്കന്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ 570 മെഗാപിക്സല്‍ ശേഷിയുള്ള ഡാര്‍ക് എനര്‍ജി കാമറ ഈ വാല്‍നക്ഷത്രത്തിന്റെ ചിത്രം പകര്‍ത്തിയിട്ടുണ്ട്.

0.6 പ്രകാശവര്‍ഷം അല്ലെങ്കില്‍ സൂര്യനും സൂര്യനില്‍ നിന്നും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രവും തമ്മിലുള്ള ദൂരത്തിന്റെ 1/7 ദൂരത്ത് നിന്നാണ് (സൂര്യനില്‍ നിന്നും 40,000 എയു(അസ്ട്രോണമിക്കല്‍ യൂണിറ്റ്) സി/2014 യു.എന്‍ 271ന്റെ യാത്ര ആരംഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു. സൂര്യനും പ്ലൂട്ടോയ്ക്കുമിടയിലെ ശരാശരി ദൂരമായ 39 അസ്ട്രോണമിക്കല്‍ യൂണിറ്റിന്റെ ആയിരം മടങ്ങ് വരുമിത്. എന്നാല്‍ 2014ല്‍ ആദ്യമായി കണ്ടെത്തുമ്പോള്‍ സൂര്യനില്‍ നിന്നും 29 എയു(4 ബില്യണ്‍ കിലോമീറ്റര്‍) അകലെയായിരുന്നു ഈ വാല്‍നക്ഷത്രം (അതായത് ഏതാണ്ട് നെപ്ട്യൂണിനും സൂര്യനുമിടയ്ക്കുള്ള ദൂരം). ഇക്കഴിഞ്ഞ ജൂണ്‍ മാസം ഇത് സൂര്യന്റെ 20 എയു അടുത്തെത്തി. 2031ല്‍ സൂര്യന്റെ ഏറ്റവും അടുത്ത്, ഏതാണ്ട് 11 എയു ദൂരത്തില്‍ ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍ എത്തുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ വാല്‍നക്ഷത്രത്തിന്റെ സ്വഭാവം പ്രവചനാതീതമായതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലെന്ന് ബേണ്‍സ്റ്റീന്‍ പറയുന്നു.

ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാല്‍നക്ഷത്രമൊക്കെ ആണെങ്കിലും ഭൂമിയില്‍ നിന്ന് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അത്ര അടുത്ത് ഇവന്‍ എത്തില്ല. വാന നിരീക്ഷകര്‍ക്ക് ഒരു മികച്ച ടെലസ്‌കോപ്പിന്റെ സഹായത്തോടെ ഇതിനെ കാണാമെന്ന് ഗവേഷകര്‍ പറയുന്നു. മൂന്ന് ദശലക്ഷത്തിലേറെ വര്‍ഷത്തിനിടയില്‍ ഈ വാല്‍നക്ഷത്രം സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്കരികിലായി എത്തിയിട്ടില്ലെന്ന് ബേണ്‍സ്റ്റീന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ അല്ലെങ്കില്‍ വിശദമായി പഠിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വാല്‍നക്ഷത്രത്തെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ബേണ്‍സ്റ്റീനും ബെര്‍ണാഡിനെല്ലിയും. 2031 ആകുമ്പോഴേ ഭൂമിക്ക് ഏറ്റവും അരികിലായി എത്തൂ എന്നതിനാല്‍ ഈ വാല്‍നക്ഷത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഏറെ സമയം മുന്നിലുണ്ടെന്നും ഇവര്‍ പറയുന്നു.


ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാല്‍നക്ഷത്രമൊക്കെ ആണെങ്കിലും ഭൂമിയില്‍ നിന്ന് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അത്ര അടുത്ത് ഇവന്‍ എത്തില്ല. വാന നിരീക്ഷകര്‍ക്ക് ഒരു മികച്ച ടെലസ്‌കോപ്പിന്റെ സഹായത്തോടെ ഇതിനെ കാണാമെന്ന് ഗവേഷകര്‍ പറയുന്നു


സൗരയൂഥത്തിന്റെ പിറവിയില്‍ നിന്നും രൂപം കൊണ്ട ഭീമാകാരങ്ങളായ ബഹിരാകാശ അവശിഷ്ടങ്ങളുടെ ഘടനയെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീനെ വിടാതെ പിന്തുടരാനാണ് ജ്യോതിശാസ്ത്ര സമൂഹത്തിന്റെ തീരുമാനം. സൗരയൂഥത്തില്‍ നെപ്ട്യൂണിന് പുറത്തായി കാണപ്പെടുന്ന കുയ്പര്‍ ബെല്‍റ്റ് എന്ന മേഖലയ്ക്കും സൂര്യനില്‍ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന പ്ലൂട്ടോയ്ക്കും വെളിയിലായി കാണപ്പെടുന്ന ഓര്‍ട്ട് ക്ലൗഡ് മേഖലയില്‍ ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്റെ വലുപ്പത്തിലുള്ള ഇതുവരെ കണ്ടുപിടിക്കാത്ത നിരവധി വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് നിഗമനം. ഓര്‍ട്ട് ക്ലൗഡ് മേഖലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വാല്‍നക്ഷത്രങ്ങളില്‍ ഏറ്റവും വലുതാണ് ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍.

സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ അത്തരത്തിലുള്ള നിരവധി വാല്‍നക്ഷത്രങ്ങളും സൗരയൂഥ സൃഷ്ടിയുടെ ബാക്കിപത്രങ്ങളും ഉണ്ടാകുമെന്നത് ദീര്‍ഘകാലമായി ജ്യോതിശാസ്ത്ര സമൂഹം പറയുന്ന കാര്യമാണ്. എന്നാല്‍ സൂര്യനും പ്ലൂട്ടോയും തമ്മിലുള്ള ദൂരത്തിന്റെ ആയിരം മടങ്ങ് അകലെ സ്ഥിതി ചെയ്യുന്ന ഓര്‍ട്ട് ക്ലൗഡ് മേഖലയിലെ അത്തരം വസ്തുക്കളെ കണ്ടെത്തുകയെന്നത് അതീവ ദുഷ്‌കരമാണെന്ന് പെന്‍സില്‍വേനിയ സര്‍വ്വകലാശാലയിലെ മറ്റൊരു ശാസ്ത്രജ്ഞനായ കുള്ളന്‍ ബ്ലേക്ക് പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന തരത്തിലുള്ള പരിക്രമണപാഥയോട് (ഓര്‍ബിറ്റ്) കൂടിയ, നമുക്ക് കാണാന്‍ സാധിക്കുന്ന ബെര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍ സൗരയൂഥ സൃഷ്ടിയുടെ ഭാഗമായി രൂപമെടുത്ത തുണുത്തുറഞ്ഞ വാല്‍നക്ഷത്രങ്ങളെയും മറ്റ് അവശിഷ്ടങ്ങളെയും നേരിട്ട് മനസിലാക്കുന്നതിനും പഠിക്കുന്നതിനുമുള്ള വലിയ അവസരമണ് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.

1996ല്‍ കണ്ടെത്തിയ ഹാലി-ബോപ്പ് എന്ന വാല്‍നക്ഷത്രമാണ് ഇതുവരെ ഭൂമിയില്‍ ദൃശ്യമായിട്ടുള്ളതില്‍ ഏറ്റവും വലിയ വാല്‍നക്ഷത്രം. എന്നാല്‍ ഇതിന്റെ മൂന്നിരട്ടി വലുപ്പമുള്ളതാണ് ബര്‍ണാഡിനെല്ലി-ബേണ്‍സ്റ്റീന്‍. മെഗാ കോമറ്റെന്നും പതിറ്റാണ്ടിന്റെ വാല്‍നക്ഷത്രമെന്നുമെല്ലാം ജ്യോതിശാസ്ത്രലോകം ഈ വാല്‍നക്ഷത്രത്തെ വിശേഷിപ്പിച്ച് കഴിഞ്ഞു.