Sep 29, 2021 • 8M

പൈ പ്ലാനറ്റ്; ഭൂമിയുടെ അപരന്‍, പക്ഷേ ചില്ലറക്കാരനല്ല!

ഭൂമിക്ക് സമാനമായ ഒരു പുതിയ ഗ്രഹം കൂടിയുണ്ട്. പൈ പ്ലാനറ്റ് എന്ന് പേര്. കക്ഷി അതിന്റെ നക്ഷത്രത്തെ വലം വയ്ക്കുന്നത് 3.14 ദിവസമെടുത്താണ്. അതിനാലാണ് പൈ പ്ലാനറ്റ് എന്ന പേര് വീണത്. അടുത്തറിയാം ഈ ഗ്രഹത്തെ...

11
8
 
1.0×
0:00
-7:34
Open in playerListen on);
Episode details
8 comments
Illustration: Sudheesh P S/Science Indica/Storiyoh

ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹമോ! അതെ, കാഴ്ചയ്ക്ക് മാത്രം ഭൂമിയുമായി സാമ്യം തോന്നുമെങ്കിലും ഭൂമിയുമായി മറ്റൊരു സാമ്യവും ഇല്ലാത്ത താരതമ്യേന പുതിയ ഗ്രഹമാണിത്. പൈ പ്ലാനറ്റ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ ഗ്രഹം പക്ഷേ വാസയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍.

ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ 3.14 ദിവസങ്ങള്‍കൊണ്ട് വലം വയ്ക്കുന്നതുകൊണ്ടാണ് പൈ പ്ലാനറ്റ് എന്ന് പേര് വീണത്. ഓരോ 3.14 ദിവസം കൂടുമ്പോഴും ഇങ്ങനെ വലംവയ്ക്കുന്നു. ഗണിതത്തിലെ പൈ എന്ന അപരിമേയ സംഖ്യയുടെ(Irrational Number) മൂല്യം 3.14 ആയതും നക്ഷത്രത്തെ വലം വയ്ക്കുന്ന ദിവസങ്ങളുടെ എണ്ണവും സമാനമായത് ഇതിന് പൈ എന്ന വിശേഷണം കൊടുക്കാന്‍ കാരണമായി.

ഗ്രീക്ക് അക്ഷരമായ പൈ ഈ ഗ്രഹത്തെ വിളിക്കാന്‍ എളുപ്പത്തിന് കൊടുത്തതാണെങ്കിലും യഥാര്‍ഥ പേര് K2-315b എന്നാണ്.

കേമ്പ്രിഡ്ജിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MIT) ഗവേഷകരും മറ്റ് ചില ബഹിരാകാശ ശാസ്ത്രജ്ഞരും കൂടിയാണ് പൈ എന്ന ഗ്രഹത്തെ കണ്ടെത്തിയത്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (Exoplanets) കണ്ടെത്തി അവതരിപ്പിക്കുന്ന അസ്‌ട്രോണമിക്കല്‍ ജേര്‍ണലാണ് 2020 സെപ്റ്റംബറില്‍ ഈ വിവരം ആദ്യമായി പുറത്തുവിട്ടത്.

ഭൂമിക്ക് സമാനമായ മറ്റ് ഗ്രഹങ്ങളും നക്ഷത്രങ്ങളും കണ്ടെത്താനായി നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് എന്ന ബഹിരാകാശ ദൂരദര്‍ശിനിയുടെ കെ2 മിഷന്‍ 2017ല്‍ ശേഖരിച്ച സിഗ്‌നലുകളാണ് വഴിത്തിരിവായത്. പുതിയ ഗ്രഹത്തിന്റെ വിവരങ്ങളടങ്ങിയ ചില സിഗ്നലുകള്‍ കെ2 മിഷന്‍ ശേഖരിച്ചിരുന്നു. SPECULOOS എന്ന പ്രൊജക്റ്റില്‍ ഉള്‍പ്പെട്ട നിരവധി ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങളാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. മറ്റൊരു ഗ്രഹം ഭ്രമണപഥത്തിലൂടെ അതിന്റെ നക്ഷത്രത്തെ ചുറ്റുന്നതാണെന്ന നിഗമനത്തിലേക്കാണ് ആ സിഗ്‌നലുകള്‍ ശാസ്ത്രജ്ഞരെ നയിച്ചത്.

സെക്കന്റില്‍ 81 കിലോമീറ്ററും മണിക്കൂറില്‍ 1,81,000 മൈലുകളും സഞ്ചരിച്ചാണ് പൈ പ്ലാനറ്റ് അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത്

ജീവന്‍ അസാധ്യം

പൈ പ്ലാനറ്റിന്റെ ഭ്രമണപഥം താപനില കുറഞ്ഞതും നക്ഷത്രം സൂര്യന്റെ അഞ്ചില്‍ ഒന്ന് വലുപ്പമുള്ളതുമാണ്. എന്നാല്‍ ഈ നക്ഷത്രത്തിന് ഭാരവും താരതമ്യേന കുറവാണ്. ഓരോ 3.14 ദിവസങ്ങളെടുത്താണ് പൈ പ്ലാനറ്റ് അതിന്റെ നക്ഷത്രത്തെ വലയം ചെയ്യുന്നത്. അതായത് ഭൂമി സൂര്യനെ 365 ദിവസങ്ങളെടുത്ത് വലം വയ്ക്കുന്നതുപോലെ. സെക്കന്റില്‍ 81 കിലോമീറ്ററും മണിക്കൂറില്‍ 1,81,000 മൈലുകളും സഞ്ചരിച്ചാണ് പൈ പ്ലാനറ്റ് അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത്.

ഗ്രീക്ക് അക്ഷരമായ പൈ ഈ ഗ്രഹത്തെ വിളിക്കാന്‍ എളുപ്പത്തിന് കൊടുത്തതാണെങ്കിലും യഥാര്‍ഥ പേര് K2-315b എന്നാണ്

K2-315b എന്ന ഈ ഗ്രഹം കെ2 മിഷനില്‍ നിന്നു വിവരം ലഭിക്കുന്ന 315-ാം ഗ്രഹ സമൂഹമാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ K2-315b എന്ന് ഇതിന് പേര് വീണതും. എന്നാല്‍ കണ്ടെത്തിയതില്‍ പ്രത്യേകതയുള്ളതും ഭൂമിയുമായി സാമ്യം തോന്നുന്നതും ഈ ഗ്രഹത്തിനാണ്. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പത്തിന് പറയുകയാണെങ്കില്‍ അവിടെ ചൂട് വളരെ കൂടുതലായതിനാല്‍ ജീവിക്കാന്‍ സാധ്യമല്ല-എംഐടി ഗവേഷകയായ പ്രജ്വല്‍ നിരൗല പറയുന്നു. പൈ പ്ലാനറ്റ് എന്നു കൂടാതെ പൈ എര്‍ത്ത് എന്നും ഗ്രഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

പാറക്കെട്ടുകള്‍ നിറഞ്ഞ പ്രതലമാണ് ഈ ഗ്രഹത്തില്‍ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതുമാത്രമല്ല, പൊള്ളുന്ന ചൂടാണ് ഇവിടെ. 187 ഡിഗ്രി സെല്‍ഷ്യസ് അഥവാ 350 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടുള്ള ഇവിടുത്തെ പ്രതലത്തില്‍ വച്ച് വേണമെങ്കില്‍ വെള്ളം വരെയും തിളപ്പിക്കാമത്രേ! രസകരമായ മറ്റൊരു കാര്യം ഗവേഷകര്‍ പറയുന്നത് ഇവിടുത്തെ ചൂടിന്റെ ആധിക്യത്താല്‍ പേരിലെ പൈ പോലെ കുക്കീ പൈ (Cookie Pie) വരെ ബേക്ക് ചെയ്‌തെടുക്കാന്‍ കഴിയുമെന്നാണ്.

ഗ്രഹത്തിന്റെ ഭ്രമണപഥം അതിനോടടുത്ത് ആയതുകൊണ്ട് നക്ഷത്രവുമായുള്ള ദൂരം വളരെ കുറവായതാണ് പൈ പ്ലാനറ്റിന്റെ ഉപരിതലം ഇത്ര ചുട്ടുപൊള്ളാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിന്റെ ഭാരം അടക്കമുള്ള വിവരങ്ങള്‍ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ഭൂമിയുടെ 0.95 അര്‍ദ്ധവ്യാസമാണ് പൈ പ്ലാനറ്റിനുള്ളത്. വലുപ്പത്തില്‍ സാമ്യം തോന്നാന്‍ കാരണവും അതുതന്നെ. പൈ സംഖ്യയുമായുള്ള സാമ്യം ഗ്രഹത്തിന്റെയും അന്തരീക്ഷത്തിന്റെയും ഭാവി പഠനത്തില്‍ വഴിത്തിരിവാകുമെന്നാണ് സൂചന.

SPECULOOS എന്ന കണ്ടുപിടിത്തക്കാരന്‍

SPECULOOS (The Search for habitable Planets EClipsing ULtra-cOOL Stars) എന്ന നാല് ദൂരദര്‍ശിനികളുടെ ശൃംഖലയാണ് ഭൂമിയെപ്പോലെ വാസയോഗ്യമായതോ പ്രത്യേകതയുള്ളതോ ആയ മറ്റ് ഗ്രഹങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്നത്. ചിലിയിലെ അറ്റക്കാമ മരുഭൂമിയിലാണ് ഈ നാല് ദൂരദര്‍ശിനികളും സ്ഥാപിച്ചിരിക്കുന്നത്. തെക്കന്‍ അര്‍ദ്ധഗോളത്തിലെ (Southern Hemisphere) ആകാശകാഴ്ചകള്‍ മുഴുവന്‍ വ്യക്തമായി ലഭിക്കുന്നതുകൊണ്ടാണ് SPECULOOS അവിടെ സ്ഥാപിച്ചത്. ഈ നാലെണ്ണം കൂടാതെ അഞ്ചാമതൊന്ന് കൂടി 2019ല്‍ ആര്‍ടെമിസ് (Artemis) എന്ന പേരില്‍ വടക്കന്‍ അര്‍ദ്ധഗോളത്തിലും ഒരു ദൂരദര്‍ശിനി SPECULOOSന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

ഗ്രഹങ്ങളിലെ അന്തരീക്ഷ പഠനത്തിന് വെളിച്ചം നല്‍കുന്നതാണ് പൈ പ്ലാനറ്റിന്റെ കണ്ടെത്തല്‍ എന്നാണ് ഗവേഷകരുടെ പ്രതീക്ഷ

ഗ്രഹങ്ങളെ കുറിച്ച് മാത്രമല്ല, ചെറുതും വലുതുമായ നക്ഷത്രങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് പഠിക്കാന്‍ ഈ ദൂരദര്‍ശിനികള്‍ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കുന്നു. പുതിയ ഗ്രഹങ്ങളും നക്ഷത്രങ്ങളും കണ്ടെത്തുന്നതോടൊപ്പം അവയുടെ അന്തരീക്ഷ പഠനവും മറ്റ് നക്ഷത്രങ്ങളെക്കാള്‍ അവയ്ക്കുള്ള തിളക്കകുറവും എല്ലാം പഠന വിഷയമാക്കും.

Image credit: NASA Ames/JPL-Caltech/T. Pyle, Christine Daniloff, MIT

ഇത്തിരി കുഞ്ഞന്‍ നക്ഷത്രങ്ങള്‍ ഇനിയും കാണാമറയത്ത് ചിതറിക്കിടക്കുന്നുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവയില്‍ ചിലത് ചില ഗ്രഹങ്ങളാല്‍ മൂടപ്പെട്ടും കിടക്കുന്നുണ്ട്. ഇവ ഏതെല്ലാമാണ്, ഇവ ഏത് സമയത്താണ് കൂടുതല്‍ ദൃശ്യമാകുന്നത്, ഏതു സമയമാണ് അതിന്റെ വെളിച്ചം മറയ്ക്കപ്പെടുന്നത് തുടങ്ങി അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ SPECULOOS ദൂരദര്‍ശിനികളിലൂടെയാണ് ലഭിക്കുന്നത്. ഓരോന്നിനേയും പ്രത്യേകം നിരീക്ഷിക്കാന്‍ ഈ ദൂരദര്‍ശിനികള്‍ സഹായകമാണ്.

ഇനിയുമുണ്ട് കണ്ടെത്താന്‍

ഇത്തരത്തില്‍ നക്ഷത്രത്തിന്റെ വെളിച്ചം മറയുന്ന സമയങ്ങള്‍ കണ്ടുപിടിച്ച് അവയുടെ തോത് എപ്പോഴാണ് എന്ന് മനസ്സിലാക്കിയപ്പോഴാണ് 3.14 ദിവസങ്ങളുടെ ഇടവേള ബോധ്യപ്പെട്ടത്. സിഗ്നലുകള്‍ പരിശോധിക്കവേ, അവയുടെ ഉത്ഭവവും അതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും വച്ചാണ് മറ്റൊരു നക്ഷത്രമോ ഉപഗ്രഹമോ അല്ല മറിച്ച് വേറൊരു ഗ്രഹം തന്നെയാണ് അതിനെ വലയം ചെയ്ത് വരുന്നത് എന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ നക്ഷത്രത്തെയും അതിനെ മറയ്ക്കുന്ന ഗ്രഹത്തെയും കുറിച്ച് കൂടുതലറിയാന്‍ അവയുടെ സംക്രമണത്തിനിടയിലുള്ള സമയം (Window period to transit) കണ്ടെത്തി. ഇതെപ്പോള്‍ സംഭവിക്കുമെന്നത് പ്രത്യേക കണക്കുകൂട്ടലുകള്‍ നടത്തി പ്രവചിക്കും. അതിനായി 2020 ഫെബ്രുവരിയില്‍ പല രാത്രികളില്‍ ഗവേഷകര്‍ നിരീക്ഷണങ്ങള്‍ നടത്തി. അങ്ങനെ മൂന്ന് സംക്രമണങ്ങള്‍ വ്യക്തമായി കാണാനായി. രണ്ടെണ്ണം തെക്കന്‍ അര്‍ദ്ധഗോളത്തിലെ ദൂരദര്‍ശിനിയില്‍ നിന്നും ഒന്ന് വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്നുമാണ് ദൃശ്യമായത്.

ഗ്രഹങ്ങളിലെ അന്തരീക്ഷ പഠനത്തിന് വെളിച്ചം നല്‍കുന്നതാണ് പൈ പ്ലാനറ്റിന്റെ കണ്ടെത്തല്‍ എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പൈ പ്ലാനറ്റ് പോലെ ഇനിയും മറ്റ് ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ചൊവ്വയെപോലെ മറ്റ് ചെറിയ ഗ്രഹങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

A guest post by
Science Writer, Science Indica
Subscribe to Shilpa